Summer Savings! $7.49 .com
 


NEWS DETAILS

അബുവിന്റെ ഉമ്മ

Posted by : Staff Reporter on : 2012-01-11

നടക്കാനിറങ്ങിയതാണ്. പ്രത്യേകിച്ച് എവിടെയും പോകണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡിനേയോ അത് അറ്റകുറ്റ പണി ചെയ്യുന്ന പഞ്ചായത്തിനെയോ കോണ്‍ട്രാക്ടേഴ്‌സിനെയോ സബ് കോണ്‍ട്രാക്ടേഴ്‌സിനെയോ ആരെയും കുറ്റം പറഞ്ഞില്ല. എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് മനസ്സില്‍ പറഞ്ഞു. മറ്റുള്ളവരെ കുറ്റം പറയുകയും ശപിക്കുകയും ചെയ്യുമ്പോള്‍ ആദ്യം സ്വന്തം ഞരമ്പുകളല്ലേ വലിഞ്ഞുമുറുകുന്നത്. ഞരമ്പുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രാസ പ്രവര്‍ത്തനങ്ങള്‍ കൂടുകയും കുറയുകയും ചെയ്യുന്നതിനാല്‍ ദോഷം എനിക്കല്ലെ

എല്ലാവര്‍ക്കും നല്ലതു വരട്ടെ.

നടന്നു നീങ്ങി. ചെറിയ ചെറിയ വീടുകളുണ്ടായിരുന്നിടത്തെല്ലാം വലിയ മണിമാളികകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പപ്പടവടയും വെറും ചായയും വിറ്റിരുന്ന കടകളെല്ലാം വലിയ ഹോട്ടലുകളായി മാറിയിരിക്കുന്നു. ഫാസ്റ്റ് ഫുഡ് എന്ന വലിയ ലേബിള്‍. തിരക്ക് പിടിച്ച ജീവിതത്തിന്റെ ധ്വനി

സമാഴറും പഴയ ബെഞ്ചും ഉണ്ടായിരുന്ന ചായക്കടയെവിടെ ? സഹായ മന:സ്ഥിതിയും നല്ല മനസ്സിന്റെ ഉടമകളുമായി ആ ബെഞ്ചിലിരുന്ന് കഥകള്‍ പറഞ്ഞിരുന്ന വൃദ്ധന്‍മാരെവിടെ. എല്ലാം മരണപ്പെടുപോയോ, അതോ ഏതെങ്കിലും വൃദ്ധ സദനങ്ങളിലോ ? മണിമാളികകളുടെ ഒഴിഞ്ഞ മുറികളില്‍ തളര്‍ന്നു കിടക്കുകയാണോ ? ആരന്വേഷിക്കുന്നു, അല്ലേ, വൃദ്ധന്മാരുമായി സഹകരിക്കൂ. അവര്‍ പരിചയം ചെന്നവരും അനുഭവസ്ഥരുമാണ്. ആ തത്വം ആര്‍ക്ക് വേണം. അല്ലേ, ഈ നാടിന്റെ മുഖച്ഛായ. ആ നല്ല ആളുകള്‍ നഷ്ടപ്പെട്ടതാണോ ?

മുന്നില്‍ കണ്ടത് സ്വകാര്യ ആശുപത്രി. വലിയ തിരക്ക് തന്നെ. മനുഷ്യന്റെ നിസ്സഹായതയില്‍ നിന്ന് മുതലെടുക്കുന്നവര്‍.

കാലം കുതിക്കുന്നു. കാലത്തിനൊത്ത് നീങ്ങിയേ കഴിയൂ..എന്ന് ജനം. കാലില്‍ മുള്ള് കുത്തിയാല്‍ പോലും സ്‌കാനിങ്ങും, ഇ സി ജി യുമെടുത്ത് കീശ കാലിയാക്കി വിടുമ്പോള്‍ ഡോക്ടര്‍ക്ക് ആശ്വാസം. നീണ്ട ബില്‍ കിട്ടുമ്പോള്‍ രോഗിക്കും ആശ്വാസം. അടുത്ത കാലത്തൊന്നും മരിക്കില്ലെന്ന നീണ്ട ആശ്വാസം. തൊട്ടടുത്ത തുണിക്കടയിലെ തിരക്ക്. അലമാരി നിറച്ചും തുണിത്തരങ്ങളുണ്ടായിട്ടും വീണ്ടും പോവുന്നു. ഈ തിരക്ക് കണ്ടാല്‍ തോന്നും ഇടാനില്ലാതെ ഉടുക്കാനില്ലാതെ ആരെക്കെയോ വീട്ടിലിരിക്കുന്നുവെന്ന്. പാഞ്ഞു വന്ന ടൂവീലറും പാഞ്ഞുവന്ന മാരുതിയും തമ്മില്‍ മുട്ടി മുട്ടിയില്ല എന്ന മട്ടില്‍ പാഞ്ഞുപോയി. മനസ്സിലോര്‍ത്തു ദൈവം തന്നെ ആയുസ്സ് നീട്ടികൊടുത്താല്‍ പോലും അഹങ്കാരത്തോടെ വലിച്ചെറിഞ്ഞു മരണം സ്വീകരിക്കുന്ന ജനതയാണോ ഇന്ന്.

ദൈവത്തിന്റെ കോടാനുകോടി അനുഗ്രഹങ്ങള്‍ ആസ്വദിച്ചു അവയെ തള്ളിപ്പറഞ്ഞു. ' ഞാന്‍' ഞാനുണ്ടാക്കിയത്, നേടിയത് എന്നെല്ലാം അഹങ്കാരത്തോടെ പറഞ്ഞു നടക്കുന്ന ജനതയല്ലേ ഇന്നുള്ളതില്‍ ഒട്ടുമുക്കാലും.. എതിരെ വന്നത് മാസ്റ്റര്‍ജി ചെറിയ ക്ലാസില്‍ ഞങ്ങളെ പഠിപ്പിച്ച അപ്പു മാസ്റ്റര്‍. റിട്ടയേര്‍ഡ് ലൈഫില്‍ കഴിഞ്ഞ നല്ല നാളുകളെ ഓര്‍ത്ത് കഴിയുന്ന നല്ല മനസ്സിന്റെ ഉടമ..

എന്താ കുട്ടീ, എന്നാ വന്നത് ?

വായിലുണ്ടായിരുന്ന മുറുക്കാന്‍ പതുക്കെ സൈഡിലേക്ക് തുപ്പിയിട്ട്, സുഖം തന്ന്യല്ല്യേ. മാസ്റ്റര്‍ജി പലതിനെക്കുറിച്ചും വാചാരമായി തുടങ്ങി.

തൊട്ടടുത്ത ഹോട്ടല്‍ മുറിയില്‍ മാസ്റ്റര്‍ജിയുമായി ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ മാസ്റ്റര്‍ജി പറഞ്ഞു തുടങ്ങി.

കുട്ടി ! കലികാല വൈഭവം എന്നേ പറയാനുള്ളു. ഇന്ന കാലം എന്നു പറയുക വയ്യ മനുഷ്യന്‍ എന്തായി എന്തൊക്കെയായി മാറിയിരിക്കുന്നു. ആര്‍ക്കും ഒന്നിനും സമയമില്ല. തിരക്ക് നെട്ടോട്ടം തന്നെ. മാസ്റ്റര്‍ജിയുമായി ഹോട്ടലില്‍ നിന്നു പുറത്തിറങ്ങി. അല്‍പ്പം നടക്കാം അല്ലേ.

റോഡിന്റെ രണ്ടു സൈഡില്‍ നിന്നും പാട്ടും ഡയലോഗുകളും സിനിമാ തിയേറ്റര്‍ സമാന്തരം തന്നെ. കാലും നീട്ടി ഹിന്ദി സിനിമ കാണുന്ന വൃദ്ധ. സാക്ഷരതയില്‍ ഇവര്‍ ഹിന്ദി പഠിച്ചോ ?

വീട്ടില്‍ കയറി ചെന്നാല്‍ ഒരു തുള്ളി വെള്ളം തരാന്‍ ഒന്ന് ഇരിക്കാന്‍ പറയാന്‍ ചീനചട്ടിയില്‍ വേവുന്ന മീന്‍ മറിച്ചിടാന്‍ ആര്‍ക്കും സമയമില്ല. സീരിയല്‍ സീരിയല്‍ തന്നെ..

എന്താ മാഷെ ഇതെല്ലാം.

ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ആവശ്യമില്ലാത്തവ പരിചയിച്ചാല്‍ ആവശ്യമുള്ളതിനു സമയം കിട്ടില്ല. അത് തന്നെ. പണ്ട് ഫുട്‌ബോള്‍ കളിച്ചിരുന്ന ചേലത്തെ പറമ്പും പാടങ്ങളും എന്തായി. വീടുകളെ കൊണ്ട് നിറഞ്ഞില്ലേ..അന്താകാര്യം ? പണ്ടു വീടുകള്‍ തമ്മിലുള്ള ദൂരം മൈലുകളായിരുന്നെങ്കിലും സ്വസ്ഥതയും സ്‌നേഹവും വിശ്വാസവും സുരക്ഷിതത്വവും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് മതിലിനോട് ചേര്‍ന്ന് വീടുകളല്ലേ. പരസ്പരം കലഹിച്ചും, മിണ്ടാതെയും, കഴിയാം. ശാസ്ത്രം വളര്‍ന്നു. എല്ലാം വളര്‍ന്നു. പക്ഷേ എന്താ മനുഷ്യ മനസ്സിന്റെ അവസ്ഥ. പഴയതിലും മോശമായി തീര്‍ന്നിരിക്കുന്നു.

മാസ്റ്റര്‍ജിയുടെ വാക്കുകള്‍. വലിയ തത്വം പറയുകയല്ലെങ്കിലും അനുഭവങ്ങളുടെ സ്വരം സത്യം തന്നെ.

മാസ്റ്റര്‍ജി അടുത്ത കാലത്ത് നടന്ന സംഭവങ്ങളെ ഓരോന്നും ഓര്‍മ്മിപ്പിച്ചു.

ഒന്നും ചിന്തിച്ചിട്ടു കാര്യമില്ല. എല്ലാം നല്‍കുന്നതോടെ ദൈവഭയം, ദൈവ പ്രീതി ഇവയ്ക്ക് നാലം ഒരു ശ്രദ്ധയും കൊടുക്കുന്നില്ല. ഇതുണ്ടാക്കി തീര്‍ക്കാന്‍ കുട്ടികളെ നാം നിര്‍ബന്ധിക്കുന്നില്ല. അനുശാസിക്കുന്നില്ല. ദൈവ ഭയം, ദൈവ പ്രീതി ഇതു രണ്ടും ഇല്ലെങ്കില്‍ എന്ത് നേടിയിട്ടും കാര്യമില്ല കുട്ടീ. മനുഷ്യനെ മനുഷ്യനാക്കുന്നത് ഇത് രണ്ടുമാണ്. അതില്ലെങ്കില്‍ അഹന്ത കൂടും. പിന്നീടെല്ലാം നശിപ്പിക്കും. മാസ്റ്റര്‍ജിയുടെ ശാസന തുളുമ്പുന്ന വാക്കുകള്‍.

എതിരെ വന്ന സ്ത്രീ ഭവ്യതയോടെ റോഡരികില്‍ ചേര്‍ന്നു നിന്നു.

വാലിലെ കുട്ടിയല്ലേ ?
അതെ
എന്നാ വന്നത് ?
രണ്ടു ദിവസമായി
അബുവിന്റെ ഉമ്മയല്ലേ?
അതെ
ന്താ അബുവിന്റെ വിവരം ?
ഓന്‍ പോയില്ലേ മോനെ ! എന്ന ഒറ്റക്കാക്കിയിട്ട്.

അപസ്മാര രോഗത്തിന്റെ പിടിയിലമര്‍ന്ന് വളരെ നാളുകളായി കിടപ്പിലായിരുന്ന അബുവിന്റെ മരണം അബുവിന് അനുഗ്രഹം തന്നെ. വലിയ ഭാരം തന്നെയായിരുന്നു ആ പാവപ്പെട്ട സ്ത്രീക്ക് അബു. എങ്കിലും മാതാവല്ലേ, ആ മാതൃത്വമാണ് പറഞ്ഞത് ഓനെന്നെ ഒറ്റക്കാക്കീട്ട് പോയില്ലേ എന്ന്.

അബുവിന്റെ മലമൂത്രം വൃത്തിയാക്കുകയും അവന് ഭക്ഷണം കോരിക്കൊടുക്കുകയും ചെയ്യുന്നതില്‍ നിര്‍വൃതി കണ്ട ആ മാതാവ്. ഒലിച്ചിറങ്ങിയ കണ്ണീര്‍ തുടച്ചു കൊണ്ട് അവര്‍ പറഞ്ഞു. ഞാന്‍ പോട്ടെ. ഒരു നെടുവീര്‍പ്പോടെ അവര്‍ നടന്നു നീങ്ങുമ്പോള്‍ പഴയ അബുവിന്റെ രൂപം മനസ്സില്‍ തെളിഞ്ഞു.

ഞങ്ങളോടൊത്ത് ഓത്തു പള്ളിയില്‍ വന്നിരുന്ന, കൊച്ചുനാളില്‍ തന്നെ അപസ്മാര രോഗത്തിന്റെ പിടിയിലമര്‍ന്ന അബു. ഉമ്മയുടെ ഏക സന്തതി. വലിയ ഓല കുടയുമായി ഓത്തു പള്ളിയില്‍ വന്നിരുന്ന അബു ഞങ്ങളുടെ കൂട്ടത്തില്‍ വളരെ മുതിര്‍ന്നവനായിരുന്നു. വായില്‍ നിന്ന് ഒലിച്ചിറങ്ങിയ നോള വീണ് നനഞ്ഞ കുപ്പായം. ഉന്തിയ പല്ലുകള്‍ മൊട്ടത്തല, അബുവിനെ കുട്ടികള്‍ കളിപ്പിക്കും. അബുവിന്റെ ഓലക്കുട ഒളിച്ചു വെച്ചു ഞങ്ങള്‍ അബുവിനെ ദേഷ്യം പിടിപ്പിക്കും. പാവം നല്ലവനായ അബു, ഞങ്ങളെത്ര വേദനിപ്പിച്ചു.

കഴിഞ്ഞ തവണ ലീവില്‍ വന്നപ്പോള്‍ അബൂവിന്റെ അടുത്ത് പോയിരുന്നു. തളര്‍ന്നുകിടക്കുന്ന അബുവിന്റെ അടുത്തിരുന്നു. അബു ഓര്‍മ്മ സംഭരിച്ച് കൊണ്ട് തിരക്കി വാലിലെ മൊയ്തു അല്ലേ..

അതെ..

കൈപിടിച്ചു കുറൊ മുത്തി. അബുവിന്റെ കണ്ണുനീര്‍ എന്റെ കൈ നനച്ചു. പാവം അടുത്തിരുന്ന കണ്ണുനീര്‍ വാര്‍ത്തിരുന്ന അബുവിന്റെ ഉമ്മ.

അസ്ഥിപഞ്ചരം കണക്കെ കിടക്കുന്ന മകനെ ശുശ്രൂഷിച്ച് അടുത്ത വീടുകളില്‍ പോയി. എന്തെങ്കിലും ജോലി ചെയ്തും ആരുടെയെങ്കിലും ദയാ വായ്പില്‍ നിന്ന് കിട്ടുന്നതും കൊണ്ട് ജീവിതം കഴിച്ച് സര്‍ക്കാരനുഗ്രഹിച്ച അഞ്ച് സെന്റിലെ വീട്ടില്‍ കഴിഞ്ഞിരുന്ന അബുവും ഉമ്മയും.


ഇന്ന് അബു ഇല്ല..

പലതും ഓര്‍ത്ത് നടന്നു. സമയം പോയതറിഞ്ഞില്ല. മാസ്റ്റര്‍ജിയാണ് മൗനം ഭഞ്ജിച്ചത്. ഞാന്‍ വരട്ടെ കുട്ടി !

മാസ്റ്റര്‍ജി അകന്നു നീങ്ങുമ്പോള്‍ തിരിഞ്ഞുനോക്കി. അബുവിന്റെ ഉമ്മ അങ്ങു ദൂരേ എത്തിയിരിക്കുന്നു. മനസ്സില്‍ പറഞ്ഞു. ജീവിതം ഏതിന്റെയൊക്കെയോ ശിഷ്ടങ്ങളാണ്. കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും കിട്ടുന്ന ശിഷ്ടങ്ങള്‍. അതിന് പ്രപഞ്ചനാഥനോട് നന്ദി പറയുക. അവനനുഗ്രഹിച്ച കോടാനുകോടി അനുഗ്രഹങ്ങളെ ഓര്‍ത്ത് എപ്പോഴും അവനെ ഓര്‍ക്കുക...

അബുവിന്റെ ഉമ്മ

ഷാഫി സിയാറത്തിങ്കര അബുദാബി

Posted on : 2012-01-11

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ലേഖനങ്ങള്‍ ] - CLICK HERE